Skip to main content

പ്രാണായാമം


     'തസ്മിന്‍ സതി         ശ്വാസപ്രശ്വാസയോര്‍ഗതിവിച്ഛേദഃ   പ്രാണായാമഃ 

ക്രമീകരണം അഥവാ പ്രാണന്റെ നിയന്ത്രണം എന്നത് ഉച്ഛ്വാസനിശ്വാസങ്ങളെ നിര്‍ത്തലാണ്. ആസനത്തില്‍ ഉറച്ചിരിക്കാന്‍ കഴിഞ്ഞശേഷം വേണം ഇത് പരിശീലിക്കുവാൻ.'


യോഗ സൂത്രത്തില്‍ പ്രാണായാമത്തെക്കുറിച്ച് പതഞ്ജലി നല്കുന്ന നിര്‍വചനമാണിത്. ഉള്ളിലേക്ക് ശ്വാസമെടുക്കുന്നത് ശ്വാസം (ഉച്ഛ്വാസം). ശ്വാസം പുറത്തേക്കു വിടുന്നത് പ്രശ്വാസം (നിശ്വാസം). ആസനത്തില്‍ ഉറച്ചിരിക്കാന്‍ കഴിഞ്ഞശേഷം വേണം പ്രാണായാമം പരിശീലിക്കാന്‍. ഏതെങ്കിലുമൊരാസനത്തില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ഇരിക്കാന്‍ കഴിഞ്ഞാല്‍ ആ ആസനത്തില്‍ വൈദഗ്ധ്യം നേടി എന്നു പറയാം. അരമണിക്കൂറോ ഒരു മണിക്കൂറോ എങ്കിലും ഇരിക്കാന്‍ കഴിഞ്ഞാല്‍ പ്രാണായാമം പരിശീലിക്കാം. പ്രാണായാമം പരിശീലിക്കാതെ നിങ്ങള്‍ക്ക് ആത്മീയപുരോഗതി നേടാന്‍ കഴിയുകയില്ല.

   ഒരു വ്യക്തിയെപ്പറ്റി പറയുമ്പോള്‍ പ്രാണന്‍ വ്യഷ്ടിയാണ്. പ്രപഞ്ചോര്‍ജം അഥവാ പ്രപഞ്ചപ്രാണന്റെ ആകത്തുക ഹിരണ്യഗര്‍ഭനാണ്. ഇത് ഒഴുകിനടക്കുന്ന 'സ്വര്‍ണമുട്ട' എന്നറിയപ്പെടുന്നു. ഇത് സമഷ്ടിപ്രാണനാണ്. ഒരു തീപ്പെട്ടിക്കോല്‍ വ്യഷ്ടിയാണ്, മൊത്തം തീപ്പെട്ടി സമഷ്ടിയാണ്. ഒരു മാവ് വ്യഷ്ടിയാണ്, മാന്തോപ്പ് സമഷ്ടിയാണ്. ശരീരത്തിലെ ഊര്‍ജമാണ് പ്രാണന്‍. ശ്വാസകോശത്തിന്റെയും ശ്വസനാവയവങ്ങളുടെയും നിയന്ത്രണത്തിലൂടെ നമുക്ക് ഉള്ളില്‍ തുടിച്ചുകൊണ്ടിരിക്കുന്ന പ്രാണനെ നിയന്ത്രിക്കാന്‍ കഴിയും. പ്രാണനെ നിയന്ത്രിക്കുന്നതിലൂടെ മനസ്സിനെ എളുപ്പത്തില്‍ നിയന്ത്രിക്കാം. കാരണം, പക്ഷി ചരടിനോടെന്നപോലെ പ്രാണനോടു സംബദ്ധമാണ് മനസ്സ്. ചരടുകൊണ്ട് ഒരു തൂണില്‍ ബന്ധിപ്പിക്കപ്പെട്ട പക്ഷി അങ്ങുമിങ്ങും കുറച്ചു പാറിയശേഷം ആ തൂണില്‍ത്തന്നെ വിശ്രമസ്ഥാനം കണ്ടെത്തുന്നു. മനസ്സാകുന്ന പക്ഷി പല ഇന്ദ്രിയവിഷയങ്ങളിലും ഓടിനടന്നശേഷം, ഗാഢനിദ്രാവേളയില്‍ പ്രാണനില്‍ത്തന്നെ വിശ്രാന്തിസ്ഥാനം കണ്ടെത്തുന്നു.


പ്രാണായാമം (ഗീതയില്‍ പറയുന്നത്)

അപാനേ ജുഹ്വതി പ്രാണം പ്രാണേളപാനം തഥാപരേ

പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമപരായണാഃ (ഗീത കഢ: 29)


'മറ്റുചിലര്‍ പ്രാണനെ (പുറത്തു പോകുന്ന വായു) അപാന (ഉള്ളിലേക്കു വരുന്ന വായു) നിലും അപാനനെ പ്രാണനിലും ഹോമിച്ച് പ്രാണാപാനന്മാരുടെ കടന്നുപോക്ക് നിയന്ത്രിച്ചുകൊണ്ട് പ്രാണായാമത്തില്‍ മുഴുകുന്നു.' പ്രാണായാമം വിലയേറിയ ഒരു യജ്ഞമാണ്. ചിലര്‍ പൂരകം (നിറയ്ക്കുക) എന്ന പ്രാണായാമം പരിശീലിക്കുന്നു. മറ്റുചിലര്‍ രേചകം (ഒഴിക്കുക) എന്ന പ്രാണായാമവും. മൂക്കിലൂടെയും വായയിലൂടെയുമുള്ള വായുവിന്റെ പുറത്തേക്കു പോക്കും തിരിച്ച് ഉള്ളിലേക്കുള്ള വരവും തടസ്സപ്പെടുത്തിക്കൊണ്ട് കുംഭകപ്രാണായാമം പരിശീലിക്കുകയാണ് ഇനിയും ചിലര്‍.


പ്രാണായാമം (ശങ്കരാചാര്യര്‍)

'മറ്റൊന്നുമല്ല, ബ്രഹ്മം' എന്ന് മനസ്സ് തുടങ്ങിയ എല്ലാ വസ്തുക്കളിലും സാക്ഷാത്ക്കരിച്ചുകൊണ്ട് ജീവശക്തികളെ നിയന്ത്രിക്കുന്നതാണ് പ്രാണായാമം.

'സംസാരത്തെ നിഷേധിക്കുന്നതാണ് ബഹിഃശ്വാസം (രേചകം). ഞാനാണ് ബ്രഹ്മം എന്ന ചിന്തയാണ് അന്തഃശ്വാസം (പൂരകം).

'അവിടെനിന്നങ്ങോട്ട് ആ ചിന്തയില്‍ത്തന്നെ തുടരുന്നതാണ് നിയമിതശ്വാസം (കുംഭകം).

ഇതാണ് ബുദ്ധിമാന്മാരുടെ പ്രാണായാമം. കേവലം മൂക്കമര്‍ത്തിപ്പിടിക്കുന്നത് അജ്ഞാനികളാണ്. (അപരോക്ഷാനുഭൂതി 118-120)

പ്രാണായാമം (ഭൂശുണ്ഡയോഗി പറയുന്നത്)

ഭൂശുണ്ഡന്‍ വസിഷ്ഠനോടു പറയുന്നു:

'ശീതളമായ ഹൃദയകമലത്തില്‍ പഞ്ചഭൂതങ്ങളെക്കൊണ്ടു നിര്‍മിച്ച ദൃശ്യമായ ഈ മാംസഭവനത്തില്‍ തമ്മില്‍ക്കലര്‍ന്നുകിടക്കുന്ന പ്രാണന്‍, അപാനന്‍ എന്നീ രണ്ടു വായുക്കളുണ്ട്. നേരിയ പരിശ്രമംപോലും കൂടാതെ മൃദുവായി ചുവടുവെക്കുന്നവര്‍ക്ക് ഈ രണ്ടു വായുക്കളുടെയും പഥങ്ങള്‍ ഹൃദയാകാശത്തിലെ സൂര്യചന്ദ്രന്മാരായി അനുഭവപ്പെടും. അവ സചേതനങ്ങളായി, തങ്ങളുടെ മാംസരൂപിയായ താവളത്തെയും പേറി ആ ആകാശത്തിലൂടെ ചുറ്റിത്തിരിയും. ഈ വായുക്കള്‍ ഉച്ചവും നീചവുമായ അവസ്ഥകളിലേക്ക് മേല്‌പോട്ടും കീഴ്‌പോട്ടും പൊയ്‌ക്കൊണ്ടിരിക്കുന്നു. ജാഗ്രത് സ്വപ്‌നസുഷുപ്ത്യവസ്ഥകളിലെല്ലാം ഒരേ പ്രകൃതിയുള്ള അവ ഉള്ളില്‍ മുഴുമന്‍ വാര്‍ന്നു പരക്കുന്നു. ഞാന്‍ ആ രണ്ടു വായുക്കളുടെ നേര്‍ക്കു നീങ്ങുകയാണ്.


ജാഗ്രത്തുതൊട്ട് സുഷുപ്തിവരെയുള്ള ഘട്ടങ്ങളില്‍ കത്തിച്ചുവെച്ച വാസനകളെയൊക്കെ ഞാനിതാ ശൂന്യതയ്ക്ക് അടിയറവെക്കുന്നു. ഒരു താമരനൂല് ആയിരമായി കീറിയാല്‍ അതിലും സൂക്ഷ്മമാണീ വായുക്കള്‍. അതുകൊണ്ട് ഈ വായുക്കളെയും അവയുടെ കമ്പനങ്ങളെയും കൈകാര്യം ചെയ്യാന്‍ എനിക്കു വിഷമമാണ്. ഇവയില്‍ പ്രാണന്‍ ബാഹ്യമായും ആന്തരമായും ഊര്‍ധ്വമുഖചലനവുമായി ശരീരത്തില്‍ കമ്പനം ചെയ്തുകൊണ്ടിരിക്കുന്നു. അപാനനാകട്ടെ, ശരീരത്തിനു ബാഹ്യമായും ആന്തരമായും ചാഞ്ചാടിക്കൊണ്ട് അധോമുഖചലനത്തോടെ കമ്പനം ചെയ്തുകൊണ്ടിരിക്കുന്നു. പ്രാണന്‍ പതിനാറു വിരല്‍കൊണ്ടാണു പുറത്തേക്കു പോകുന്നതെങ്കില്‍ അത്രയും മാത്രകൊണ്ടുതന്നെ പൂരകം ചെയ്യുന്നതാണു നല്ലത്. സാധാരണയായി 12 വിരലാണ് ഉച്ഛ്വസിക്കാറ്. അനുഭവിച്ചറിഞ്ഞവര്‍ പറയുന്നതുപ്രകാരം പ്രാണന്റെ ഉച്ഛാസനിശ്വാസങ്ങളുടെ തുലനമാണ് അനന്താനന്ദമുണ്ടാക്കുന്നത്.

'ഇനി പ്രാണന്റെ സവിശേഷതകളെക്കുറിച്ചു കേള്‍ക്കുക. 

നിശ്വസിച്ചതിന്റെ 12 വിരല്‍ ഉച്ഛ്വസിക്കപ്പെടുന്ന പ്രാണന്‍ (ആന്തര) പൂരകം എന്നറിയപ്പെടുന്നു. അപാനവായു ഒരു പ്രയത്‌നവും കൂടാതെ പുറത്തുനിന്ന് പുനഃപ്രവേശിക്കുമ്പോഴും (ആന്തര) പൂരകമാണത്. അപാനവായു സ്വയം വെളിപ്പെടുത്താതാവുകയും പ്രാണന്‍ ഹൃദയത്തിലേക്കാഗിരണം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ അത്തരം അവസ്ഥയിലെടുക്കുന്ന സമയത്തെ (ആന്തര) കുംഭകമെന്നു പറയുന്നു. യോഗിമാര്‍ക്ക് ഇതെല്ലാം അനുഭവിക്കാന്‍ കഴിയും. ഹൃദയാകാശത്തിലുള്ള പ്രാണന്‍ വ്യത്യസ്ത ഭാവങ്ങളില്‍ ഒരു കഷ്ടതയും കൂടാതെ ബാഹ്യമായി (ഉള്ളിലുള്ള ഹൃദയത്തിലേക്ക്) സ്വയം പ്രകാശിക്കുമ്പോള്‍ അത് (ബാഹ്യ) രേചകം എന്നു വിളിക്കപ്പെടുന്നു. ബഹിര്‍മുഖമായി ചാഞ്ചാടിക്കൊണ്ടിരിക്കുന്ന പ്രാണന്‍ മൂക്കിലേക്കു കടന്ന് കുറച്ചു നേരം അതിന്റെ തുമ്പത്തു നില്ക്കുകയാണെങ്കില്‍ അപ്പോഴത് ബാഹ്യപൂരകമാണ്. പക്ഷേ, അത് നാസാഗ്രത്തില്‍നിന്നു കടന്നുപോകുമ്പോള്‍ അത് 12 വിരല്‍ താഴേക്കു പോകുന്നു. അപ്പോഴതിനും ബാഹ്യപൂരകമെന്ന പേരുണ്ട്. പ്രാണന്‍ പുറത്തും അപാനന്‍ അകത്തും നിരോധിക്കപ്പെടുമ്പോള്‍ അത് ബാഹ്യകുംഭകമെന്നു വിളിക്കപ്പെടുന്നു. തിളങ്ങുന്ന അപാനവായു ഉള്ളില്‍ ഊര്‍ധ്വമുഖമായൊന്നു വളയുമ്പോള്‍ അത് ബാഹ്യരേചകത്തിന്റെയൊരു രീതിയാണ്. ഈ പരിശീലനങ്ങളൊക്കെ മോക്ഷത്തിലേക്കു നയിക്കുന്നു. അതുകൊണ്ട് അവയെയൊക്കെ ധ്യാനിക്കണം. എല്ലാ ആന്തരബാഹ്യകുംഭകങ്ങളും മറ്റുള്ളവയും മനസ്സിലാക്കുകയും പരിശീലിക്കുകയും ചെയ്യുന്നവര്‍ പുനര്‍ജനിക്കുകയില്ല.

മുന്‍പു വിവരിച്ച എട്ടു വഴികളും മോക്ഷം നേടുന്നതിനു സമര്‍ഥങ്ങളാണ്. രാവും പകലും അവ പരിശീലിക്കണം. ഈ പരിശീലനങ്ങളുമായി സുഗമമായി ബന്ധപ്പെടുകയും സ്വന്തം മനസ്സുകളെ മറ്റു വഴിക്കു പോകാതെ നിയന്ത്രിക്കുകയും ചെയ്യുന്നവര്‍ കാലക്രമേണ നിര്‍വാണം നേടും. അത്തരം പരിശീലിതാക്കള്‍ ഭൗതികാനന്ദങ്ങളില്‍ ദാഹിച്ചു നടക്കുകയില്ല. അവര്‍ എല്ലായ്‌പോഴും പരിശീലിച്ചുകൊണ്ടേയിരിക്കും; നടക്കുമ്പോഴും നില്ക്കുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ.

'പറന്നുപോയ പ്രാണന്‍ 12 വിരല്‍ തിരിച്ചോടി വീണ്ടും ഹൃദയത്തില്‍ ആഗിരണം ചെയ്യപ്പെടും. അതേപോലെ, ഹൃദയത്തില്‍നിന്നു പുറന്തള്ളപ്പെട്ട അപാനനും 12 വിരല്‍ തിരിച്ചോടി ഹൃദയത്തിലേക്കു വലിച്ചെടുക്കപ്പെടും. അപാനന്‍ ചന്ദ്രനായതുകൊണ്ട് അതിന്റെ വഴിയിലുള്ള ശരീരത്തെ മുഴുവന്‍ തണുപ്പിക്കും. പക്ഷേ, പ്രാണന്‍ സൂര്യനായതുകൊണ്ട് ശരീരവ്യവസ്ഥയില്‍ ചൂടു സൃഷ്ടിക്കുകയും അതിലുള്ള എല്ലാറ്റിനെയും പാകപ്പെടുത്തുകയും ദഹിപ്പിക്കുകയും ചെയ്യും. അപാനചന്ദ്രന്റെ കലകള്‍ പ്രാണസൂര്യനില്‍ മുങ്ങിപ്പോയ ആ അത്യുന്നതമായ അവസ്ഥയിലെത്തിയവനില്‍ പിന്നെ വേദനകള്‍ ഉടലെടുക്കുമോ? സൂര്യകലകള്‍ അപാനചന്ദ്രനാല്‍ വിഴുങ്ങപ്പെടുന്ന ആ ശക്തമായ ഇരിപ്പിടത്തില്‍ എത്തിപ്പെട്ടവന് പിന്നെ പുനര്‍ജന്മമുണ്ടോ? അപാനവായു പ്രാണനെയും തിരിച്ചു വിഴുങ്ങുന്ന ആ അലിംഗാവസ്ഥയില്‍  എത്തിപ്പെട്ടയാളുടെ ഏഴു ജന്മങ്ങളെയും അവ ഉടനെ തടഞ്ഞുകൊള്ളും. പ്രാണനും അപാനനും പരസ്പരം ആഗിരണം ചെയ്യുന്ന ആ അന്തരാളസ്ഥിതിയില്‍ നില്ക്കുന്നവനാണ് 'ചിദാത്മാവ്' എന്നു ഞാന്‍ സ്തുതിച്ചുകൊള്ളട്ടെ. എന്റെ നേരേ മുന്നിലുള്ള ആകാശത്തില്‍ നാസാഗ്രത്തില്‍ പ്രാണനും അപാനനും രണ്ടും ഇല്ലാതെയാവുന്നിടത്തു നില്ക്കുന്ന ചിദാത്മാവിനെ ഞാന്‍ ധ്യാനിക്കുന്നു. പ്രാണനിയന്ത്രണത്തിന്റെ ഈ വഴിയിലൂടെയാണ് പരവും അനഘവുമായ, വേദനാനിര്‍മുക്തമായ തത്ത്വത്തെ ഞാന്‍ പ്രാപിച്ചത്.'

ശ്വാസനിയന്ത്രണം

ആദ്യത്തെ പ്രധാന ചുവടുവെപ്പ് ആസനത്തില്‍ അഥവാ ശരീരവടിവിന്റെ നിയന്ത്രണത്തില്‍ വൈദഗ്ധ്യം നേടുകയാണ്. അടുത്തത് പ്രാണായാമപരിശീലനമാണ്. പ്രാണായാമത്തിന്റെ വിജയകരമായ പരിശീലനത്തിന് ശരിയായ ശരീരവിന്യാസം അത്യന്താപേക്ഷിതമാണ്. ആസനമെന്നത് ലഘുവും സൗകര്യപ്രദവുമായ ശരീരവിന്യാസമാണ്. ഏറ്റവും കൂടുതല്‍ നേരം സൗകര്യപ്രദമായി ഇരിക്കാന്‍ കഴിയുന്നതാണ് ഏറ്റവും നല്ല ആസനം. നെഞ്ചും കഴുത്തും തലയും ലംബരേഖയിലായിരിക്കണം. ശരീരം മുന്നിലേക്കോ ഇരുവശങ്ങളിലേക്കുമോ വളയ്ക്കരുത്. വളഞ്ഞുകുത്തിയിരിക്കരുത്. ശരീരം നിയന്ത്രണംവിട്ടു പതിക്കരുത്. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ശരീരവിന്യാസത്തിലുള്ള വൈദഗ്ധ്യം സ്വയം വന്നുചേരും. തടിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് പദ്മാസനം പരിശീലിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കും. അവര്‍ക്ക് സുഖാസനത്തിലോ സിദ്ധാസനത്തിലോ ഇരിക്കാവുന്നതാണ്. പ്രാണായാമം പരിശീലിക്കുന്നതിന് ആസനത്തില്‍ പൂര്‍ണവൈദഗ്ധ്യം നേടാന്‍ കാത്തിരിക്കേണ്ടതില്ല. ആസനം പരിശീലിക്കുന്നതോടൊപ്പംതന്നെ പ്രാണായാമപരിശീലനവും ആരംഭിക്കാവുന്നതാണ്. കാലക്രമേണ രണ്ടിലും പൂര്‍ണത നേടാന്‍ കഴിയും. കസേരയില്‍ നിവര്‍ന്നിരുന്നും പ്രാണായാമം പരിശീലിക്കാവുന്നതാണ്.

കൃഷ്ണഭഗവാന്റെ അനശ്വരസംഗീതമായ ഭഗവദ്ഗീതയില്‍ ഇരിപ്പിടത്തിന്റെയും ഇരിപ്പിന്റെയും മനോഹരമായൊരു വിവരണം നിങ്ങള്‍ക്കു കാണാം: 'പരിശുദ്ധവും രഹസ്യവുമായ സ്ഥലത്ത് തന്റേതു മാത്രമായ ഒരിരിപ്പിടത്തില്‍ ഉറച്ചിരിക്കണം. അത് ഏറെ ഉയര്‍ന്നതോ തീരേ താണതോ ആകരുത്. തുണിയോ കൃഷ്ണമൃഗത്തോലോ കുശപ്പുല്ലോ വിരിച്ചിരിക്കണം. അതിന്മേല്‍ എകാഗ്രമനസ്‌കനായി ചിന്തയെയും ഇന്ദ്രിയധര്‍മങ്ങളെയും നിയന്ത്രിച്ചുകൊണ്ട് ഉറച്ചിരുന്ന് ആത്മശുദ്ധീകരണത്തിനായി യോഗം പരിശീലിക്കണം. ശരീരവും തലയും കഴുത്തും നിവര്‍ന്ന് ദൃഢമായിരിക്കണം. ചുറ്റും നോക്കാതെ നാസാഗ്രത്തില്‍ ഉറ്റുനോക്കുക.'(ഗീത ഢക: 10, 11, 12)

പ്രാണായാമമെന്നത് പ്രാണന്റെയും ജീവശക്തികളുടെയും നിയന്ത്രണമാണ്. ശ്വാസത്തിന്റെ ക്രമീകരണമാണത്. ഇതാണേറ്റവും പ്രധാനപ്പെട്ട പടി. പ്രാണായാമത്തിന്റെ ലക്ഷ്യം പ്രാണന്റെ നിയന്ത്രണമാണ്. ജീവപ്രവാഹത്തെ അഥവാ ജീവശക്തിയെ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള പ്രാണായാമം ശ്വാസക്രമീകരണത്തിലൂടെയാണാരംഭിക്കുന്നത്. മറ്റുതരത്തില്‍ പറഞ്ഞാൽ ശ്വാസനിയന്ത്രണത്തിലൂടെ ജീവപ്രവാഹങ്ങളെ നിയന്ത്രിക്കുന്നതാണ് പ്രാണായാമം. പ്രാണന്റെ ബാഹ്യാവിഷ്‌കാരമാണ് ശ്വാസം. പ്രാണായാമത്തിന്റെ പതിവായ പരിശീലനത്തിലൂടെ ശരിയായ ശ്വസനസ്വഭാവം സ്ഥാപിച്ചെടുക്കണം. ലൗകികരായ സാധാരണവ്യക്തികളില്‍ ശ്വസനം ക്രമരഹിതമാണ്.

നിങ്ങള്‍ക്കു പ്രാണനെ നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ പ്രപഞ്ചത്തിലെ കായികവും മാനസികവുമായ എല്ലാ ശക്തികളെയും നിയന്ത്രിക്കാന്‍ കഴിയും. 'സര്‍വവ്യാപിയായ ആവിഷ്‌കാരശക്തി'യെപ്പോലും നിയന്ത്രിക്കാന്‍ യോഗിക്കു കഴിയും. അതില്‍നിന്നാണല്ലോ കാന്തികത, വൈദ്യുതി, ഗുരുത്വാകര്‍ഷണം, ഒന്നുചേര്‍ന്നിരിക്കല്‍, പ്രാണപ്രവാഹം, മര്‍മശക്തികള്‍ അഥവാ ചിന്താകമ്പനങ്ങള്‍ എന്നുവേണ്ട, പ്രപഞ്ചത്തിലെ കായികവും മാനസികവുമായ മൊത്തം ശക്തികളും ഉറവെടുക്കുന്നത്.

ഒരുവന്‍ തന്റെ ശ്വാസത്തെ അഥവാ പ്രാണനെ നിയന്ത്രിക്കുമ്പോള്‍ മനസ്സും നിയന്ത്രിക്കപ്പെടുന്നു. മനസ്സിനെ നിയന്ത്രിച്ചവന്‍ ശ്വാസത്തെയും നിയന്ത്രിച്ചിരിക്കുന്നു. ഒന്നു തടയപ്പെട്ടാല്‍ മറ്റേതും തടയപ്പെടും. മനസ്സും പ്രാണനും രണ്ടും നിയന്ത്രിക്കപ്പെടുമ്പോള്‍ ഒരുവന്‍ ജനനമരണചക്രങ്ങളില്‍നിന്ന് മുക്തി നേടുകയും അനശ്വരതയാര്‍ജിക്കുകയും ചെയ്യുന്നു. മനസ്സും പ്രാണനും ശുക്ലവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ശുക്ലോര്‍ജത്തെ നിയന്ത്രിച്ചുനിര്‍ത്തിയവന്‍ മനസ്സിനെയും പ്രാണനെയും നിയന്ത്രിച്ചിരിക്കുന്നുവെന്നു പറയാം.

പ്രാണായാമം പരിശീലിക്കുന്നവന് നല്ല വിശപ്പും പ്രസാദാത്മകതയും സുന്ദരമായ രൂപവും നല്ല ശക്തിയും ധൈര്യവും ഉത്സാഹവും ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യവും ഓജസ്സും ഊര്‍ജസ്വലതയും മനസ്സിന്റെ ഏകാഗ്രതയുമൊക്കെയുണ്ടാകും. പ്രാണായാമം പാശ്ചാത്യര്‍ക്കും ചേരുന്നതാണ്. യോഗി തന്റെ ആയുസ്സിനെ അളക്കുന്നത് ജീവിച്ച വര്‍ഷങ്ങളുടെ എണ്ണംകൊണ്ടല്ല, ശ്വാസത്തിന്റെ എണ്ണംകൊണ്ടാണ്.ഒരാള്‍ ഒരു മിനിറ്റില്‍ 15 തവണ ശ്വസിക്കുന്നു. അതായത് ഒരു ദിവസം 21,600 ശ്വാസം. നിങ്ങള്‍ക്ക് അന്തരിക്ഷവായുവില്‍നിന്ന് ഓരോ ശ്വാസത്തിലും ഒരു നിശ്ചിതയളവില്‍ ഊര്‍ജത്തെ അഥവാ പ്രാണനെ ഉള്‍ക്കൊള്ളാം. 'ജീവഗ്രഹണശക്തി' എന്നു പറയുന്നത് പരമാവധി ശ്വാസവും പുറത്തുവിട്ടശേഷം ഒരാള്‍ക്ക് ഉള്ളിലേക്കെടുക്കാന്‍ കഴിയുന്ന പരമാവധി വായുവിന്റെ അളവ് അഥവാ അതിന്റെ ക്ഷമതയെ ആണ്. 

Comments

Popular posts from this blog

TRADING PLAN

1 DAY TRADER                   09 AM TO 03.30PM 2 STRATEGY RISK %         CONTROL                                                                 STOPLOSS % 3 HOW MANY TRADE                                      OF THE DAY                           2 OR 3 4 STOPLOSS  100/35%        Eg(100000/35000) 5 TRADING ACCOUNT       10%      35/10% 6 PROFIT MIN   2%           (Genarete Up To                                ...

നീലഭൃംഗാദി ഹെയർ ഓയിൽ

  നീലഭൃംഗദി ഹെയർ ഓയിൽ : ആരോഗ്യമുള്ള മുടിക്ക് മാന്ത്രിക മരുന്ന് മുടി സംരക്ഷണം എല്ലായ്പ്പോഴും നമ്മുടെ സൗന്ദര്യ ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്.  മുടിക്ക് തിളക്കവും ആരോഗ്യവും നിലനിർത്താൻ നമ്മൾ സലൂണുകളിലും പാർലറുകളിലും എണ്ണമറ്റ മണിക്കൂറുകളും പണവും ചെലവഴിക്കുന്നു.  എന്നിരുന്നാലും, കെമിക്കൽ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വരവോടെ, നമ്മുടെ മുടിയുടെ ഗുണമേന്മ ഇടിഞ്ഞു.  സൾഫേറ്റുകൾ, പാരബെൻസ്, സിലിക്കണുകൾ തുടങ്ങിയ രാസവസ്തുക്കൾ മുടിയിൽ നിന്ന് പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും അതിനെ മുഷിഞ്ഞതും നിർജീവവുമാക്കുകയും ചെയ്യുന്നു.  പക്ഷേ, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു പ്രകൃതിദത്ത പ്രതിവിധി ഉണ്ട്, മുടിയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആയിരം വർഷത്തിലേറെയായി ഇന്ത്യയിൽ മുടി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു ആയുർവേദ ഹെർബൽ ഓയിൽ ആണ് നീലഭൃംഗാദി ഹെയർ ഓയിൽ .  മുടിയെ പോഷിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ട ഔഷധസസ്യങ്ങളുടെയും എണ്ണകളുടെയും മിശ്രിതത്തിൽ നിന്നാണ് എണ്ണ നിർമ്മിച്ചിരിക്കുന്നത്.   നീലയമരി /Indigofera tinctoria കയ്യോന്നി  ECLIPTA ALBA ( Binomial...